നടന്‍ സത്താര്‍ അന്തരിച്ചു

Glint Desk
Tue, 17-09-2019 01:23:49 PM ;
Kochi

sathar

പ്രമുഖ ചലിത്ര നടന്‍ സത്താര്‍ അന്തരിച്ചു. മൂന്നു മാസമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചെ ആയിരുന്നു അന്ത്യം.  67 വയസായിരുന്നു.

 

മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്‌കാരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ വൈകിട്ട് നാല് മണിക്ക് നടക്കും. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975-ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്നതാണ് സത്താറിന്റെ ആദ്യ സിനിമ. പിന്നീട് തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തിലും അദ്ദേഹം നായക വേഷമണിഞ്ഞു. ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ വേഷങ്ങള്‍ സത്താര്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അദ്ദേഹം കൂടുതല്‍ തിളങ്ങിയത്. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

 

നിര്‍മാതാവ് എന്ന നിലയിലും അദ്ദേഹം മലയാള സിനിമാ മേഖലയില്‍ തിളങ്ങിയിട്ടുണ്ട്. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ സത്താര്‍ നിര്‍മിച്ചിട്ടുണ്ട്. 2003-ന് ശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. 2014-ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.  22 ഫീമെയില്‍ കോട്ടയം, നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലും സത്താര്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

 

1979-ല്‍ ആണ് നടി ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്യുന്നതെങ്കിലും പിന്നീട് വേര്‍ പിരിഞ്ഞു. സത്താര്‍ - ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടന്‍ കൂടിയായ കൃഷ് ജെ. സത്താര്‍. സത്താറിന്റെ അവസാന സമയത്ത് മകന്‍ ഒപ്പമുണ്ടായിരുന്നു.

 

Tags: