അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21-ന്

Sat, 21-09-2019 05:36:29 PM ;
Delhi

കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. 24-നാണു വോട്ടെണ്ണല്‍. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതിനൊപ്പം നടക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 27ന് പുറപ്പെടുവിക്കും. ഒക്ടോബര്‍ നാല് ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഈ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു

മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ പി.ബി. അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. കള്ളവോട്ട് ആരോപണവുമായി എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ കെ. സുരേന്ദ്രന്‍ കോടതിയെ സമീപച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പ് വൈകി. എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്കു മല്‍സരിച്ച് ജയിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്നവയാണ് കോന്നി, അരൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് വൈകിപ്പിച്ചത് ബിജെപിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നും രമേശ് പറഞ്ഞു.

Tags: