രാത്രി യാത്രാ നിരോധനം; ബത്തേരിയിലെ സമരം അവസാനിപ്പിച്ചു

Glint Desk
Sun, 06-10-2019 07:19:14 PM ;

bandipur protest

ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരായി  വയനാട്ടിലെ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും സമരപന്തലിലെത്തി സമരക്കാര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കുന്നതോടെയാണ് നിരാഹാരമടക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 

 

സമരത്തിന്റെ 12-ാം ദിവസമായ ഇന്നും ദേശീയപാത 766 ലെ നിയന്ത്രങ്ങള്‍ക്കെതിരെ പ്രതിഷേധം അണപൊട്ടി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ആയിരങ്ങളാണ് പിന്തുണയുമായി ഒഴുകിയെത്തിയത്. തുടര്‍ന്ന് നടന്ന മഹാ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് മന്ത്രിമാരടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തത്. ബന്ദിപ്പൂര്‍ യാത്രാ നിരോധന വിഷയത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വേദിയില്‍ പ്രഖ്യാപിച്ചു. 

 

സുപ്രീംകോടതിയില്‍ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ്മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ സമരക്കാരെ അറിയിച്ചു. ശക്തമായ പിന്തുണ നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണനും വ്യക്തമാക്കി. സംസ്ഥാന നിയമസഭ ഒന്നടങ്കം വയനാടിനൊപ്പം നില്‍ക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു. തുടര്‍ന്ന്, യുവനേതാക്കളോട് സമരം അവസാനിപ്പിക്കാന്‍ മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. 

Tags: