ഇനി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി ആനുകൂല്യം

Glint Desk
Wed, 16-10-2019 02:40:52 PM ;

കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 

രാജ്യത്ത് ആദ്യമാണ് ഇത്തരത്തില്‍ പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ തീരുമാനിച്ചത്.

നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ പ്രസവാനുകൂല്യ നിയമപരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനയച്ചതും. 

നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

Tags: