'പരീക്ഷാഫലം വന്ന ശേഷം സിന്‍ഡിക്കേറ്റിന് ഇടപെടാന്‍ അവകാശമില്ല';ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍.

glint desk
Fri, 18-10-2019 04:38:10 PM ;
thiruvananthapuram

rajan gurukkal

എംജി സര്‍വ്വകലാശാലയുടെ മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍. പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.  

കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തിപ്പിന് നിയമപ്രകാരമുള്ള ചുമതല. അദ്ദേഹത്തിന് മുകളില്‍ പരീക്ഷാ നടത്തിപ്പില്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല.സിന്‍ഡിക്കേറ്റില്‍ പരീക്ഷ നടത്തിപ്പിനായി ഒരു സമിതിയുണ്ടാവും എന്നാല്‍ അവര്‍ക്ക് പോലും ഉത്തരപേപ്പര്‍ വിളിച്ചു വരുത്താനാവില്ല. പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിന് പറ്റില്ല. 
സര്‍വകലാശാലയുടെ ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാന്‍ നിയമമില്ല. വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാം എന്നതില്‍ കവിഞ്ഞൊരു അധികാരവും ഉന്നത വിദ്യാഭ്യാസമന്ത്രിക്കില്ലെന്നും രാജന്‍ ഗുരുക്കള്‍ വ്യക്തമാക്കി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയവും പൊതുസ്വീകാര്യതയുമുള്ള വ്യക്തിയാണ് രാജന്‍ ഗുരുക്കള്‍. ഉന്നതവിദ്യാഭ്യസ കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍ കൂടിയായ അദ്ദേഹത്തിന്റെ പ്രസ്താവന മാര്‍ക്ക് ദാന വിവാദത്തില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലേക്കാണ് കൊണ്ടു പോകുന്നത്. 

Tags: