ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല: സീതാറാം യെച്ചൂരി

Glint Desk
Sun, 19-01-2020 05:23:09 PM ;

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി എന്നും ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പൗരത്വ ഭേദഗതി വിഷയത്തില്‍ വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്‌നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യ രജിസ്റ്റര്‍ സെന്‍സസിന്റെ ഭാഗമെന്ന് പറയുന്നത് കണ്ണില്‍ പൊടി ഇടാനാണ്. ഇത് പൗരത്വ രജിസ്റ്ററിലേക്കുള്ള വഴിയാണ്. 

കേന്ദ്രം കേരളത്തോട് വല്ലാതെ വിവേചനം കാണിക്കുന്നുണ്ട്. 24000കോടിയില്‍ നിന്ന് 16000 കോടിയായി കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസം തരാതെയും കേരളത്തെ തഴഞ്ഞു. കേരളം കേന്ദ്ര നിലപാടുകള്‍ക്ക് ഒപ്പം നില്‍ക്കാത്തത് കൊണ്ടാണ് ഇതെന്നും യെച്ചൂരി പറഞ്ഞു.

 

Tags: