ഓടക്കാലി പള്ളിയില്‍ സംഘര്‍ഷം; പള്ളി ഏറ്റെടുക്കാന്‍ പോലീസ് എത്തി

Glint Desk
Tue, 21-01-2020 11:54:40 AM ;

ഏറെക്കാലമായി യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനായി പോലീസ് എത്തി. കോടതി ഉത്തരവ് പ്രകാരം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറേണ്ട സമയം നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ നടപടി. യാക്കോബായ വിഭാഗം പള്ളിക്ക് മുമ്പില്‍ പ്രതിഷേധം നടത്തുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം വലിയ സംഘം തന്നെ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.

പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് താഴ് മുറിച്ചാണ് പോലീസ് അകത്ത് കയറിയത്. നിലവില്‍ പോലീസും വൈദികരും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിട്ടായിരുന്നു സുപ്രീം കോടതി വിധി വന്നത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് ഇത്തവണ പോലീസ് സംരക്ഷണത്തില്‍ എത്തിയത്. 

പള്ളിവിട്ട് കൊടുക്കാന്‍ യാതൊരു കാരണവശാലും സമ്മതിക്കില്ലെന്ന നിലപാടിലാണ് വിശ്വാസികള്‍. കോടതി ഉത്തരവ് നടപ്പാക്കിയെ പിന്മാറു എന്ന് പോലീസും അറിയിച്ചിട്ടുണ്ട്.

 

Tags: