എന്തുകൊണ്ട് എസ്.എഫ്.ഐ കുറ്റവാളികളാൽ നയിക്കപ്പെടുന്നു

Glint Desk
Sat, 18-01-2020 01:59:14 PM ;
SFI Banner
 
 
 
 
 
 
 
 
 
 
 
 
 
 
 
ഗതി കെട്ട ജനം ഒന്നിച്ചു ചേർന്ന് അക്രമികളെ സിനിമയിൽ നേരിടുന്ന പോലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിമലർത്തിയ എസ്.എഫ്.ഐ നേതാക്കളെ വിദ്യാർത്ഥികൾ ഒന്നടങ്കം നേരിട്ടത്. അതിന്റെ തനിയാവർത്തനമാണ് കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 17 വെള്ളിയാഴ്ച നടന്നത്. കൊടും കുറ്റവാളികളെയും ഗുണ്ടകളെയും നേതൃത്വത്തിൽ തുടരാൻ പ്രേരിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വവും സർക്കാരും സ്വീകരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ കുത്തുകേസ്സിലും പി.എസ്.സി പരീക്ഷാ തട്ടിപ്പിലും അറസ്റ്റിലായ നേതാക്കൾക്ക് ലഭിച്ച പിന്തുണ അത് ശരി വയ്ക്കുന്നു. സമൂഹത്തിന് ദ്രോഹം ചെയ്യുന്ന അവർ ഇപ്പോൾ സർക്കാർ നിലപാട് ഒന്നു കൊണ്ട് മാത്രം ജയിലിൽ നിന്നിറങ്ങി സ്വതന്ത്രരായി സമൂഹത്തിൽ വിലസുന്നു.
 
സി.പി.എം നേതാക്കളുടെ പൊതുേവേദികളിലെ പെരുമാറ്റവും സംഭാഷണവും നിലപാടുമെല്ലാം എസ്.എഫ് .ഐ യുടെ ക്രിമിനൽവത്ക്കരണത്തിന് സഹായവും പ്രോത്സാഹനവുമാകുന്നുണ്ട്. 2006 ൽ അന്ന് വിദ്യാർത്ഥി നേതാവായിരുന്ന ഇന്നത്തെ തൃപ്പൂണിത്തുറ എം.എൽ.എ എം.സ്വരാജ് തനിക്ക് സ്വീകാര്യമില്ലാത്ത റിപ്പോർട്ട് എഴുതിയ മാധ്യമ പ്രവർത്തകരെ പിതൃശൂന്യർ എന്ന് പരസ്യമായി വിളിച്ചു. തുടർന്ന് തന്റെ പ്രയോഗം ശരിയാണെന്ന് സ്ഥാപിക്കാൻ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുകയും ചെയ്തു. പരിണിതപ്രജ്ഞർ എന്ന് കരുതപ്പെട്ടിരുന്ന സി.പി.എം നേതാക്കൾ പോലും അന്ന് സ്വരാജിനെ പിന്തുണയ്ക്കുകയായിരുന്നു. ആ സംസ്കാരത്തിന്റെ തുടർച്ചയുടെയും വർധനയുടെയും ഒരുദാഹരണമാണ് പാലക്കാട് ജില്ലയിലെ നെന്മാറ എൻ.എസ്.എസ് കോളേജിലെ മുഖ്യ കവാടത്തിനു മുന്നിൽ ഒരു മാസമായി പാറിക്കൊണ്ടിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അവിടുത്തെ എസ്.എഫ്.ഐ നേതൃത്വം കെട്ടിയ ബാന്നർ. 2006 ൽ എം.സ്വരാജ് ഉപയോഗിച്ച സംസ്കൃത പദത്തിന്റെ പച്ചമലയാളമാണ് അദ്ദേഹത്തിന്റെ പിൻഗാമികൾ എഴുതിയിരിക്കുന്നത്. സ്വരാജ് സംസ്കൃത വാക്ക് പറഞ്ഞുവെങ്കിൽ ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമികൾ അത് പച്ച മലയാളത്തിൽ എഴുതി. മാത്രമല്ല കലാലയത്തിന്റെ നെറുകയിലെന്നോണം അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ബാനറില്‍ വിദ്യാര്‍ത്ഥികള്‍ എഴുതിയിരിക്കുന്ന ആ മലയാള പദം ഞങ്ങള്‍ അതേ പോലെ പ്രയോഗിക്കുന്നില്ല. ആ വാക്ക് ഏതാണ് എന്നറിയാന്‍ ആകാംക്ഷയുള്ളവര്‍ ബാനറില്‍ 'നിശ്ശബ്ദരാവില്ല' എന്ന് എഴുതിയിരിക്കുന്നതിന്റെ മുകളിലുള്ള പദം ഏതെന്ന് ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ മതി.പാലക്കാട് ജില്ലയിലെ പല മുതിർന്ന സി.പി.എം നേതാക്കളും അത് കണ്ടിട്ടുമുണ്ടാകും. 
 
പണ്ടു കാലത്ത് തെരുകളിലും ചന്തകളിലും കത്തിക്കുത്തും കൊലപാതകങ്ങൾ വരെയും ഈ പ്രയോഗത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അത്തരം പ്രയോഗങ്ങളോ അതിന്റെ പേരിലുള്ള അക്രമങ്ങളോ ഇന്ന് കേരളത്തിന്റെ തെരുവുകളിലും ചന്തകളിലും ഉണ്ടാകുന്നില്ല. നെന്മാറ എൻ.എസ്.എസ്.കോളേജിലെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ശ്രദ്ധയിൽ ഈ ബാനർ പെടാതിരിക്കാൻ പറ്റില്ല.അവരുടെ ഉള്ളിലും ഈ പ്രയോഗത്തിലെ സംസ്കാര ശൂന്യതയും അക്രമവാസനയും ബോധ്യപ്പെട്ടിട്ടുണ്ടാകാം. പക്ഷേ എസ്.എഫ്.ഐ ,ആയതിനാൽ അത് കണ്ടില്ലെന്ന് നടിച്ചതാകാനാണ് വഴി.കാരണം എസ്.എഫ്.ഐയെ ഇന്ന് സമൂഹം പേടിക്കുന്നു. ആ പേടി പരിധി ലംഘിക്കുമ്പോഴാണ് സിനിമയിലെ പോലെ ജനം ഒന്നിക്കുന്നത്. അതിന്റെ തുടക്കം യൂണിവേഴ്സിറ്റി കോളേജിൽ കണ്ടു. തുടർച്ച ഇപ്പോൾ കോട്ടയം സി.എം.എസ്. കോളേങ്കിലും .ഇത് സി.പി.എം. നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്.എസ്.എഫ്.ഐ യിലെയും സി.പി.എമ്മിലെയും അണികളിൽ ഭൂരിപക്ഷവും സമാധാനകാംക്ഷികളും സംസ്കാര മേന്മ ഉള്ളവരുമാണെന്നുള്ള വസതുത മറക്കാൻ പാടുള്ളതല്ല.

Tags: