'കടന്നു പിടിച്ചു, അശ്ലീലം പറഞ്ഞു'; ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

Glint Desk
Fri, 21-02-2020 06:57:42 PM ;

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണം. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് നല്‍കിയ സാക്ഷിമൊഴിയിലാണ് യുവതി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്.മഠത്തില്‍ വച്ച് ബിഷപ്പ് തന്നെ കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ മൊഴിയില്‍ പറയുന്നു. വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. 

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ആരോപണത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയുമായി കന്യാസ്ത്രീക്ക് മുമ്പോട്ട് പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ് പറയുന്നു.

Tags: