സി.ബി.എസ്.ഇയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

Glint desk
Thu, 27-02-2020 01:19:29 PM ;

തോപ്പുംപടി അരൂജാസ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ്സ് പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തില്‍ സി.ബി.എസ്.ഇയെ വിമര്‍ശിച്ച് ഹൈക്കോടതി. നാടെങ്ങും സ്‌ക്കൂളുകള്‍ തുറന്നിട്ട് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യാനായി ലാഭക്കൊതിയന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സി.ബി.എസ്.ഇ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പറഞ്ഞു. കുട്ടികളെ പത്താം ക്ലാസ്സ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സി.ബി.എസ്.ഇക്കെതിരെ കോടതി നിലപാട് എടുത്തത്. 

സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടര്‍ സച്ചിന്‍ ധാക്കൂറിനെ വിളിച്ചുവരുത്തി ആയിരുന്നു സിംഗിള്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. 

സി.ബി.എസ്.ഇ ഇനിയും ഒളിച്ചുകളിക്കാന്‍ നോക്കിയാല്‍ വെറുതെ വിടില്ലെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി വച്ച് കളിക്കാമെന്ന് വിചാരിക്കേണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി. പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ബോര്‍ഡിന് നല്‍കുന്ന അവസാന താക്കീതാണിതെന്നും കോടതി പറഞ്ഞു. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.എസ്.ഇയ്ക്ക് നിര്‍ദ്ദേശം നല്‍കിയതിനോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ കുട്ടികളെ മറ്റ് സ്‌ക്കൂളില്‍ പരീക്ഷ എഴുതിപ്പിച്ച സ്‌ക്കൂളുകളുടെ പട്ടിക ഹാജരാക്കാന്‍ ഹര്‍ജിക്കാരോടും കോടതി നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതിരിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

Tags: