അതിര്‍ത്തി തുറക്കാതെ കര്‍ണാടക; ഹൈക്കോടതി വിധിക്ക് പുല്ലുവില

Glint desk
Thu, 02-04-2020 12:21:42 PM ;

കടുംപിടിത്തം വിടാന്‍ തയ്യാറാവാതെ കര്‍ണാടക. അതിര്‍ത്തി റോഡുകള്‍ തുറക്കണമെന്നും ചികില്‍സാ ആവശ്യങ്ങള്‍ക്കെത്തുന്നവരെ തടയരുത് എന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിര്‍ത്തി തുറക്കാന്‍ കര്‍ണാടക തയ്യാറായിട്ടില്ല. കൂടുതല്‍ ജീവന്‍ പൊലിയുന്ന സാഹചര്യം ഉണ്ടാവരുതെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെയും പരിഹാരം ആയിട്ടില്ല. ഇന്നലെ വരെ 7 പേര്‍ കാസര്‍കോട് ജില്ലയില്‍ ചികില്‍സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ആംബുലന്‍സുകള്‍ കടത്തിവിടാന്‍ പോലും കര്‍ണാടക തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ കടുത്ത പ്രതിസന്ധിയിലാണ് കാസര്‍കോട്.

കര്‍ണാടകത്തിനെതിരെ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും. 

അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ ഒരു ഡോക്ടറെ അതിര്‍ത്തിയില്‍ നിയമിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും വരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി നോക്കിയ ശേഷം സംസ്ഥാനത്തേക്ക് കടത്തിവിടാനായിരുന്നു ഇത്. നില അതീവ ഗുരുതരമാണെങ്കില്‍ മാത്രമെ കടത്തിവിടാവൂ എന്നാണ് കര്‍ണാടകയുടെ തീരുമാനം. ഇന്ന് ഇതുവരെയും ആരെയും മംഗലാപുരത്തേക്ക് കടത്തിവിട്ടിട്ടില്ല.

Tags: