കുഞ്ഞ് ഇനി ഉത്രയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം; കൈമാറ്റം വൈദ്യപരിശോധനയ്ക്ക് ശേഷം

Glint desk
Tue, 26-05-2020 12:03:39 PM ;

കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് ഏറ്റെടുത്തു. ഇന്ന് രാവിലെ അടൂരിലെ പാറക്കോട്ടെ വീട്ടിലെത്തിയ പോലീസ് സംഘമാണ് കുഞ്ഞിനെ സൂരജിന്റെ മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്തത്. അടൂര്‍ താലൂക്ക് ആശുത്രിയില്‍ കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോലീസ് ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറും. അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലെത്തി ഉത്രയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ വാങ്ങും. 

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കുഞ്ഞിനെ തേടി അടൂര്‍ പോലീസ് സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സൂരജിന്റെ മാതാപിതാക്കള്‍ കുഞ്ഞുമായി ബന്ധു വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. 

കുഞ്ഞിനെ ഇനി പരിപാലിക്കില്ലെന്നും സൂരജിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും സൂരജിന്റെ അമ്മ രേണുക ആവര്‍ത്തിച്ചു. 

Tags: