ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശം; ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്ക്

Glint desk
Mon, 13-07-2020 11:17:00 AM ;

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. എന്നാല്‍ ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്കായിരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേരള ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീലാണ് സുപ്രീം കോടതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ യു.യു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവല്‍ക്കരിക്കാനും കോടതിയുടെ അനുമതി. പുതിയ ഭരണസമിതി രൂപവല്‍ക്കരിക്കുന്നത് വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കായിരിക്കും. ഭരണസമിതിയുടെ ചെയര്‍പേഴ്‌സണ്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭരണസമിതിക്ക് രൂപവല്‍ക്കരിക്കാം. 

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും രാജകുടംബത്തിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് 2011 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Tags: