ശ്രീപദ്മനാഭസ്വാമി ക്ഷേത്രം; ബി നിലവറ തുറക്കാന്‍ കേരളം പര്യാപ്തമായിട്ടുണ്ടോ?

Glint desk
Mon, 13-07-2020 12:33:14 PM ;

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മേലുള്ള രാജകുടുംബത്തിന്റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്രത്തില്‍ അമൂല്യമായ നിധിശേഖരണങ്ങള്‍ ഉള്ളത് എ,ബി നിലവറകളിലാണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുള്ളതുമാണ്. രണ്ട് തട്ടുകളായാണ് ബി നിലവറ ഉള്ളത്. ആചാരപരമായ കാരണങ്ങളാല്‍ ബി നിലവറ തുറക്കാന്‍ അനുവാദമില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളതെന്നും ഈ ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണ് എന്നുമാണ് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്. ഇനി ബി നിലവറ തുറന്നാലും സ്വര്‍ണ്ണം പുറത്തെടുക്കാന്‍ കേരളം പര്യാപ്തമായിട്ടുണ്ടോ എന്നത് ആലോചിക്കേണ്ട വിഷയം തന്നെയാണ്. 

സുരക്ഷിതമായ കൈകളിലേക്ക് ഈ സ്വര്‍ണ്ണനിക്ഷേപം സമീപകാലത്ത് എത്താന്‍ സാധ്യത ഇല്ല. കാരണം സര്‍ക്കാര്‍ സംവിധാന ദുരുപയോഗം, ഫണ്ട് ദുരുപയോഗം എന്തിനേറെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കുട്ടികള്‍ കുടുക്ക പൊട്ടിച്ച് നല്‍കുന്ന പണം പോലും വേണ്ട വിധം വിനിയോഗിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത തരത്തിലുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്. നിലവില്‍ ഭരണത്തിലുള്ള സര്‍ക്കാരായാലും ഇനി വരാന്‍ പോകുന്ന സര്‍ക്കാരായാലും അതില്‍ വലിയ മാറ്റമൊന്നും സംഭവിക്കാന്‍ സാധ്യത ഇല്ല. 

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ നിയമനം തന്നെ ഇതിന് ഉദാഹരണമാണ്. കാരണം ഈ സ്ത്രീക്ക് മതിയായ വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാതെയാണ് കേരളത്തിലെ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന പോസ്റ്റിലേക്ക് ഇവരെ നിയമിച്ചത്. അവര്‍ എങ്ങനെയാണ് മതിയായ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഇല്ലാതെ ഇത്രയും ഉയര്‍ന്ന ഒരു പോസ്റ്റില്‍ എത്തിയത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. ഈ വര്‍ത്തമാനകാല സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഇത്രയും വലിയ ഒരു നിലവറ തുറക്കാനോ അതിലെ സ്വര്‍ണ്ണം വേണ്ട വിധം ഉപയോഗിക്കാനോ ഉള്ള പക്വത കേരളത്തിന് വന്നിട്ടില്ല എന്നത് തന്നെയാണ്.  

Tags: