കേന്ദ്രമന്ത്രി വി മുരളീധരന്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?

Glint desk
Mon, 20-07-2020 05:42:19 PM ;

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പ്രതികള്‍ പിടിക്കപ്പെടുന്നത് വരെ കേന്ദ്രമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രസ്താവന യുദ്ധം നടന്നിരുന്നു. ദിനംപ്രതി എന്നോണം ഈ പ്രസ്താവന യുദ്ധം നടന്നുകൊണ്ടിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ പിടിക്കപ്പെട്ടതിന് ശേഷം കൃത്യമായി പറഞ്ഞാല്‍ അജിത് ഡോവല്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണം ഏറ്റെടുത്ത ശേഷം വി മുരളീധരന്‍ മാധ്യമങ്ങളെ കാണുകയോ സ്വന്തം നിലയില്‍ പ്രസ്താവനകള്‍ ഇറക്കുകയോ ചെയ്തിട്ടില്ല. ഇത് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം വളരെ വേഗതയിലാണ് സ്വര്‍ണ്ണകള്ളക്കടത്തിന്റെ അന്വേഷണം നടക്കുന്നത്. അജിത് ഡോവല്‍ ഏകോപിപ്പിക്കുന്ന അന്വേഷണത്തിന്റെ പുരോഗതി ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തുന്നുണ്ട്. 

രണ്ട് ദിവസം മുമ്പ് ഈ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി അമിത് ഷാ അവലോകന യോഗം വിളിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഒരു തരത്തിലും അന്വേഷണത്തിന്റെ ഗതിയെ ബാധിക്കുന്ന തരത്തിലുള്ള പരമര്‍ശങ്ങള്‍ വരാതെ ഇരിക്കാനാണ് വി.മുരളീധരന്‍ മാധ്യമങ്ങളെ കാണരുത് എന്ന് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അബദ്ധവശാല്‍ എന്തെങ്കിലും പരാമര്‍ശങ്ങള്‍ വന്നാല്‍ അത് അന്വേഷണത്തിന്റെ ഗതിയെ തന്നെ ബാധിക്കും. മാത്രവുമല്ല അന്വേഷണം ഏത് രീതിയിലേക്കാണ് നീളുന്നത് എന്നത് രഹസ്യമാക്കി വെക്കാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 

കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ കേരളത്തെ കുറിച്ച് ശേഖരിച്ച് വെച്ചിരിക്കുന്ന വിവരങ്ങളെയും ശ്രോതസ്സുകളെയും കണക്കിലെടുത്ത് കൊണ്ട് കൂടിയാണ് സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണം നടക്കുന്നത്. അതനുസരിച്ച് തന്നെയാണ് ഓരോ ഘട്ടത്തിലും അന്വേഷണവും അറസ്റ്റും നടന്നുകൊണ്ടിരിക്കുന്നത്. ഒരുപക്ഷെ കേരളത്തെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ നടക്കാം എന്ന് തന്നെയാണ് ലഭ്യമായ സൂചനകള്‍. ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ഒഴുകുന്ന പണവും മറ്റ് ശ്രോതസ്സുകളും കണ്ടെത്തി അതിനെ ഇല്ലാതാക്കുക എന്നതാണ് ഈ അന്വേഷണത്തിന്റെ പിന്നിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം. അതില്‍ എത്ര വലിയ ഉന്നതര്‍ പെട്ടിട്ടുണ്ടെങ്കിലും അവരെ അറസ്റ്റ് ചെയ്യുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം സംബന്ധിച്ച് ഒരു വിവരവും പുറത്തു പോവാന്‍ പാടില്ല എന്നത് കൊണ്ടാണ് വി മുരളീധരന്‍ ഒരുകാരണവശാലും പൊതുപ്രസ്താവനകള്‍ നടത്തുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്യരുതെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കേരളാ പോലീസിന് ഈ അന്വേഷണം ഏത് രീതിയിലാണ് നടക്കുന്നത് എന്നതിനെ സംബന്ധിച്ച് യാതൊരുവിധ ധാരണയുമില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അന്വേഷണസംഘം സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി തിരുവനന്തപുരം നഗരത്തിനുള്ളില്‍ പ്രവേശിച്ച് കേശവദാസപുരം എത്തിയതിന് ശേഷമാണ് കേരളാ പോലീസിനോട് തങ്ങള്‍ക്ക് എസ്‌കോര്‍ട്ട് വേണമെന്ന് പോലും ആവശ്യപ്പെടുന്നത്. കേശവദാസപുരം എത്തി നിമിഷങ്ങള്‍ക്ക് അകം തന്നെ എന്‍.ഐ.എ സംഘം പല സ്ഥലങ്ങളിലും റെയ്ഡും നടത്തിയിരുന്നു.

Tags: