കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; പലതവണ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആര്‍

Glint desk
Mon, 07-09-2020 04:59:41 PM ;

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആര്‍. ഇരു കൈകളും പിന്നില്‍ കെട്ടി വായില്‍ തോര്‍ത്ത് തിരുകിയ ശേഷം കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ നിരീക്ഷണം ലംഘിച്ചതിന് പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതല്‍ പിറ്റേ ദിവസം രാവിലെ 8 മണി വരെ പല തവണ പീഡിപ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടില്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച പാങ്ങോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറന്‍സിക് സംഘവും സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ തിങ്കളാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Tags: