ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിന് ആശ്വാസം; സി.ബി.ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

Glint desk
Tue, 13-10-2020 11:08:13 AM ;

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് വിധി പറഞ്ഞത്. അതേസമയം, യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാം.

അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം.

Tags: