തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍, വോട്ടെണ്ണല്‍ 16ന്

Glint desk
Fri, 06-11-2020 05:11:25 PM ;

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍. ഡിസംബര്‍  8,10,14 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് സമയം. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. 

ഒന്നാം ഘട്ടം-ഡിസംബര്‍ 8 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി  

രണ്ടാം ഘട്ടം-ഡിസംബര്‍ 10 
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്  

മൂന്നാംഘട്ടം-ഡിസംബര്‍ 14 
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം

തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 19നാണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നംവംബര്‍ 20ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്. 

941 പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ്. 2.71 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.

Tags: