സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Glint desk
Thu, 12-11-2020 11:17:18 AM ;

എം.ശിവശങ്കറിന് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും ഇ.ഡി വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബര്‍ 11 ന് ഇത് സംബന്ധിച്ച വാട്സ് ആപ്പ് സന്ദേശം അയച്ചുവെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ ഇ.ഡിയുടെ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാന്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫിസറെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു. കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫിസറെ വിളിച്ചതെന്നും ശിവശങ്കര്‍ സമ്മതിച്ചു. ഇതിലൂടെ ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

ലൈഫ് മിഷന്റെ പദ്ധതി രേഖകള്‍ സ്വപ്നയ്ക്ക് കൈമാറിയത് ടെന്‍ഡര്‍ രേഖകള്‍ തുറക്കുന്നതിന് മുമ്പാണെന്നും ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഡയറക്ടറേറ്റ് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags: