ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; കെ.പി യോഹന്നാനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

Glint desk
Tue, 17-11-2020 11:19:15 AM ;

ബിലിവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി.യോഹന്നാനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിദേശത്ത് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തും നിന്നും ലഭിച്ച ഫണ്ട് വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

വിവിധ ജില്ലകളിലുള്ള ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ സ്ഥാപനങ്ങളിലും കെ.പി.യോഹന്നാന്റെ വീട്ടിലും  ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. തിരുവല്ലയിലെ സ്ഥാപനത്തിലെ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ബിലിവേഴ്സ് ചര്‍ച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ ഇടപാട് നടത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ തുക വകമാറ്റി ചിലവഴിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

വിദേശത്ത് നിന്നും ലഭിച്ച തുക മുടക്കിയിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ്, ആശുപത്രി നടത്തിപ്പ് എന്നിവയിലാണ്. ഇത് കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. വിദേശ സഹായം സംബന്ധിച്ച് ബിലിവേഴ്സ് ചര്‍ച്ച് നല്‍കിയ കണക്കുകളില്‍ വൈരുദ്ധ്യമുണ്ട്. കെ.പി.യോഹന്നാനെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തുടര്‍നടപടികളുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags: