പങ്കാളിയെ തിരഞ്ഞെടുക്കല്‍ മൗലികാവകാശം; നിര്‍ബന്ധിത മതം മാറ്റത്തിലൂടെ വിവാഹം നടത്തിയെന്ന കേസ് അലഹബാദ് ഹൈക്കോടതി തള്ളി

Glint desk
Tue, 24-11-2020 12:39:09 PM ;

പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹത്തിനായി മകളെ നിര്‍ബന്ധിത മതം മാറ്റത്തിന് വിധേയമാക്കിയെന്ന് കാണിച്ച് പ്രിയങ്ക എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുസ്ലിം യുവാവിനെതിരെ നല്‍കിയ കേസിലാണ് സുപ്രധാന വിധി. പ്രിയങ്ക ഖര്‍വാറിനെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചെന്ന് സലാമത് അന്‍സാരിയെന്ന യുവാവിനെതിരെ നല്‍കപ്പെട്ട കേസ് കോടതി തള്ളി. ജഡ്ജിമാരായ പങ്കജ് നഖ്‌വി, വിവേക് അഗര്‍വാള്‍ എന്നിവരുടെ ബഞ്ചിന്റേതാണ് വിധി. ലവ് ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പ്രസ്താവനകള്‍ ഇറക്കുന്നതിനിടെയാണ് നിര്‍ണായക വിധി.

ഉത്തര്‍പ്രദേശിലെ കുശിനഗര്‍ സ്വദേശിയായ സലാമത്ത് അന്‍സാരി ഒരു വര്‍ഷം മുമ്പാണ് പ്രിയങ്ക ഖന്‍വാറിനെ വിവാഹം ചെയ്തത്. പ്രിയങ്കയുടെ മാതാപിതാക്കള്‍ ഇതിനെ അനുകൂലിച്ചിരുന്നില്ല. വിവാഹത്തിന് മുമ്പായി പ്രിയങ്ക ഇസ്ലാം മതം സ്വീകരിക്കുകയും ആലിയ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദ്ദം ചെലുത്തി മതംമാറ്റി വിവാഹം കഴിപ്പിച്ചതാണെന്ന് കാണിച്ച് പ്രിയങ്കയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് ഐ.പി.സിയിലെയും പോക്സോ ആക്ടിലെയും വകുപ്പുകള്‍ ചുമത്തി സലാമത്തിനെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ തങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ദമ്പതികള്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വിവാഹത്തിന് മാത്രമായുള്ള മതംമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ച് വിധി. ഈ വിധിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. 

'ഞങ്ങള്‍ പ്രിയങ്ക ഖര്‍വാറിനെയും സലാമത് അന്‍സാരിയെയും ഹിന്ദുവായോ മുസ്ലിമായോ കാണുന്നില്ല. ഇഷ്ടാനുസരണം സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്ന മുതിര്‍ന്ന വ്യക്തികളായാണ് കാണുന്നത്. ഒരുവര്‍ഷത്തിലേറെ അവര്‍ സമാധാനപരമായും സന്തോഷകരമായും ജീവിച്ചവരുമാണ്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികളും ഭരണഘടനാ സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്നും' ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

Tags: