രാഹുല്‍ഗാന്ധി നല്‍കിയ പ്രളയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍; സൂക്ഷിച്ചത് മറന്നുപോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Glint desk
Wed, 25-11-2020 12:20:09 PM ;

2019 ലെ പ്രളയകാലത്ത് തന്റെ മണ്ഡലത്തില്‍ വിതരണം ചെയ്യാനായി രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് പുഴുവരിച്ച നിലയില്‍. എം.പി വയനാട് എന്ന് സ്റ്റിക്കര്‍ പതിച്ച 250 ഓളം കിറ്റുകളാണ് നശിച്ചത്. സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടമുറി കഴിഞ്ഞദിവസം വാടകയ്ക്ക് നല്‍കി. ഇത് ഏറ്റെടുത്തയാള്‍ തുറന്നപ്പോഴാണ് സാധനങ്ങള്‍ കെട്ടിക്കിടക്കുന്നത് കണ്ടത്. സംഭവം പുറത്തായതോടെ ഡിവൈഎഫ്ഐ - സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടന്ന് സാധനങ്ങള്‍ നശിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റി ഏറ്റുവാങ്ങിയ സാധനങ്ങള്‍ ഒരു കടമുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഇതോടൊപ്പം പുതപ്പ്, തോര്‍ത്ത്, തുടങ്ങിയവയുമുണ്ട്. ലോറിയിലാണ് ഇവിടേക്ക് സാധനങ്ങള്‍ എത്തിച്ച് സൂക്ഷിച്ചത്. 

സാധനങ്ങള്‍ ഇവിടെ സൂക്ഷിച്ച കാര്യം മറന്നുപോയെന്ന വിചിത്ര വാദമാണ് നിലമ്പൂരിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേത്. അതേസമയം എത്തിച്ചപ്പോള്‍ തന്നെ കേടായവയായിരുന്നതിനാല്‍ മാറ്റിവെച്ചതാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ മറുപടി.

Tags: