മാധ്യമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി; വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി

Glint desk
Wed, 16-12-2020 07:07:21 PM ;

തെറ്റായ സമീപനം സ്വീകരിച്ച മാധ്യമങ്ങള്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഇടതുമുന്നണിയെ തകര്‍ക്കാന്‍ മാധ്യമങ്ങളും കൂട്ടുനിന്നു. വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ജനങ്ങള്‍ അവരുടെ നിലപാട് സ്വീകരിക്കുന്നത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനെ കുറച്ച് കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഏറ്റുപിടിച്ച നടപടി ശരിയാണോ എന്ന് മാധ്യമങ്ങള്‍ പുനഃപരിശോധിക്കണം. ശരിയായ രീതി പിന്തുടരാന്‍, നാടിനുതകുന്ന സമീപനം സ്വീകരിക്കാന്‍ നിലപാടെടുത്താല്‍ നന്നാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നണിയെ പിന്തുണയ്ക്കണം എന്ന അഭ്യര്‍ത്ഥന മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെക്കുകയല്ല. ആരോഗ്യകരമായ വിമര്‍ശനങ്ങളെ പരിശോധിക്കാനും തിരുത്താനും സര്‍ക്കാര്‍ തയ്യാറാണ്. ഭാവനയിലൂടെ കഥകള്‍ മെനയുകയാണ്. 

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമാനതകളില്ലാത്ത അപവാദ പ്രചാരണമാണ് സര്‍ക്കാരിനെ ഇകഴ്ത്തിക്കാണിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് മാസത്തിലേറെ ഇത് തുടര്‍ന്നു. ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിച്ചു. ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങള്‍ അതിനെ ഏറ്റുപിടിച്ചു. എന്നാല്‍ അതെല്ലാം അപ്രസക്തമാകുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: