കവയത്രി സുഗതകുമാരി അന്തരിച്ചു

Glint desk
Wed, 23-12-2020 11:24:03 AM ;

കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇന്നലെ വൈകീട്ട് ഹൃദയാഘാതമുണ്ടായി. വൃക്കകളുടെ പ്രവര്‍ത്തനവും താളം തെറ്റിയിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലായിരിക്കും സംസ്‌കാരം.

ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ.  വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധന്‍ നായരായിരുന്നു ഭര്‍ത്താവ്. ലക്ഷ്മി ഏകമകളാണ്.

1960-ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച 'മുത്തുച്ചിപ്പി' എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാള സാഹിത്യത്തിന് ആ തൂലികയില്‍ നിന്നും ലഭിച്ചു.

സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ'അഭയ' എന്ന സ്ഥാപനം ആരംഭിച്ചു.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്.

Tags: