പി.കെ ശശി തിരിച്ചെത്തുന്നു; പൂര്‍വ്വാധികം ശക്തനായി

Glint desk
Mon, 28-12-2020 05:24:37 PM ;

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പി.കെ ശശി എം.എല്‍.എ സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തുന്നു. പൂര്‍വ്വാധികം ശക്തനായി. എല്ലാവര്‍ക്കും അറിയാവുന്നതാണ് പി.കെ ശശി എം.എല്‍.എയ്ക്ക് പാലക്കാട് ജില്ലാ ഘടകത്തിന്മേലുള്ള സ്വാധീനവും അദ്ദേഹത്തിന് സംസ്ഥാന നേതൃത്വത്തിന് മേലുള്ള സ്വാധീനവും. 2018 നവംബര്‍ അവസാനമാണ് ശശിയെ പാര്‍ട്ടിയില്‍ നിന്ന് 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. 2018ല്‍ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഈ നടപടി. 

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളിലും മറ്റ് പ്രസ്ഥാനങ്ങളിലും വെച്ച് വനിതാ അവകാശങ്ങളുടെ പോരാളികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന പാര്‍ട്ടിയാണ് സി.പി.എമ്മും അവരുടെ യുവജന സംഘടനകളായിട്ടുള്ള ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുമൊക്കെ. ഇവിടെ ഡി.വൈ.എഫ്.ഐ നേതാവ് പരാതി കൊടുത്തതോട് കൂടി ആ നേതാവിന്റെ സി.പി.എമ്മിലൂടെയുള്ള രാഷ്ട്രീയ ജീവിതം അവസാനിക്കുയും ആ പെണ്‍ക്കുട്ടി മാനസികമായിട്ട് വളരെയധികം പീഡിപ്പിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായി. ഒടുവില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന കമ്മീഷന്‍ ഈ പരാതി അന്വേഷിക്കുകയും ഇതില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും തുടര്‍ നടപടി ഉണ്ടാകുകയും ചെയ്തു.

സാങ്കേതികമായി മാത്രം സസ്‌പെന്‍ഷനും ജില്ലാ കമ്മിറ്റിയില്‍ നിന്നുള്ള മാറി നില്‍ക്കലും ഒഴിച്ച് കഴിഞ്ഞാല്‍ ശശിയുടെ അധികാരത്തിന്റെയോ സ്വാധീനത്തിന്റെയോ കാര്യത്തില്‍ ഒട്ടും തന്നെ കുറവുണ്ടായിട്ടില്ല. പി.കെ ശശി വീണ്ടും മടങ്ങി വരുമ്പോള്‍ ഡി.വൈ.എഫ്.ഐയിലും എസ്.എഫ്.ഐയിലും പാര്‍ട്ടിക്കുള്ളിലുമുള്ള വനിതാ അംഗങ്ങളുടെ ഇടയില്‍ ഉണ്ടാകുന്ന ഒരു ഉറച്ച ബോധ്യമുണ്ട്. ആ ബോധ്യം എന്ന് പറയുന്നത് ശക്തനായ നേതാക്കളുടെ ഭാഗത്ത് നിന്ന് അപമാനിക്കലോ പീഡന ശ്രമമോ ഉണ്ടായിക്കഴിഞ്ഞാല്‍ രണ്ട് വഴികളെ മുന്നിലുള്ളൂ. പാര്‍ട്ടിയില്‍ തുരുകയും നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്യണമെങ്കില്‍ ആ നേതാവിന്റെ ഇംഗിതത്തിന് വഴങ്ങി നില്‍ക്കുക. അല്ലെങ്കില്‍ അതോട് കൂടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഈ രണ്ട് വഴികളല്ലാതെ മൂന്നാമതൊരു വഴിയില്ല എന്ന ഉറച്ച സന്ദേശമാണ് പി.കെ ശശിയ്ക്ക് എതിരെയുണ്ടായ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ആരോപണങ്ങളില്‍ നിന്നും തുടര്‍ന്ന് ഇതുവരെ ഉണ്ടായ സംഭവങ്ങളില്‍ നിന്നും പ്രകടമാകുന്നത്.

Tags: