കുരിശില്‍ കയര്‍ കെട്ടി പ്രതിജ്ഞ; വ്യത്യസ്ത പ്രതിഷേധവുമായി യാക്കോബായ സഭ

Glint desk
Sun, 10-01-2021 12:54:25 PM ;

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് കൈമാറാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ യാക്കോബായ സഭ സമരം ശക്തമാക്കിയിരുന്നു. ഒരു മാസത്തിലധികമായി വിവിധ തരത്തിലുള്ള സമരങ്ങളാണ് സഭ നടത്തുന്നത്. ഇപ്പോള്‍ പള്ളി ഏറ്റെടുക്കലുകള്‍ക്കെതിരെ കുരിശില്‍ കയര്‍കെട്ടി വ്യത്യസ്ത സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് യാക്കോബായ സഭ. 

വിശ്വാസ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും അതുവരെ പോരാട്ടം തുടരുമെന്നും യാക്കോബായ വിശ്വാസികള്‍ കുരിശില്‍ കയര്‍ കെട്ടി പ്രതിജ്ഞയെടുത്തു. മുളന്തുരുത്തി പള്ളിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പള്ളികള്‍ കൈമാറാനുള്ള സുപ്രീംകോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. കൂനന്‍ കുരിശ് സത്യത്തിന്റെ അനുസ്മരണെന്ന രീതിയിലാണ് ഇന്നത്തെ സമരം നടന്നത്. 

വിശ്വാസം സംരക്ഷിക്കുന്നതിനായി 1653ല്‍ മട്ടാഞ്ചേരിയില്‍ നടത്തിയ പ്രതിഷേധമാണ് കൂനന്‍ കുരിശു സത്യം എന്ന പേരില്‍ അറിയപ്പെടുന്നത്. കല്‍ക്കുരിശില്‍ കെട്ടിയ വടത്തില്‍ പിടിച്ചാണ് അന്ന് പ്രതിജ്ഞ ചൊല്ലിയത്. ഇതു പോലെയാണ് മുളന്തുരുത്തി മാര്‍ തോമന്‍ പള്ളിക്കു മുന്നിലെ കുരിശില്‍ കയര്‍ കെട്ടിയത്. കയറില്‍ പിടിച്ചു കൊണ്ട് വിശ്വാസികള്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി.

Tags: