കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന് എം.ഡി; പ്രതിഷേധം

Glint desk
Sat, 16-01-2021 03:38:21 PM ;

കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം. കെ.എസ്.ആര്‍.ടിസിയില്‍ വ്യാപക അഴിമതിയെന്നായിരുന്നു ബിജു പ്രഭാകറിന്റെ പപരാമര്‍ശം. 100 കോടി രൂപ കാണാനില്ല, ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശ്രീകുമാര്‍, ഷറഫുദ്ധീന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരാമര്‍ശത്തെ തുടര്‍ന്ന് ജീവനക്കാര്‍ തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തമ്പാനൂരില്‍നിന്ന് ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസ് തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിജു പ്രഭാകര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കെ.എസ്.ആര്‍.ടിസി ഒന്നുകില്‍ നന്നാക്കും, അല്ലെങ്കില്‍ പുറത്തുപോകും. കെ.എസ്.ആര്‍.ടി.സി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തില്‍ നിന്നാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കണ്ടെത്തിയത്. ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇതിനിടെയാണ് വലിയ ക്രമക്കേട് കണ്ടെത്തിയതെന്നും ബിജു പ്രഭാകര്‍.

2012-15 കാലയളവിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 100 കോടിയോളം രൂപ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. ഷറഫുദ്ധീന്‍ എന്നയാള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് പ്രതിയെ സര്‍വീസില്‍ തിരിച്ചെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

വലിയ ശമ്പളം പറ്റുന്ന ജീവനക്കാര്‍ മറ്റ് പല ജോലികളിലും ഏര്‍പ്പെടുന്നു. പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു. ചിലര്‍ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നുണ്ട്. വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: