കേരളത്തിന് തളരാത്ത സന്ദേശമായി രാജപ്പന്റെ ജീവിതം

Glint desk
Mon, 01-02-2021 06:31:20 PM ;

കോട്ടയം കുമരകം മഞ്ചാടിക്കര സ്വദേശി എന്‍.എസ് രാജപ്പന്‍ ഇപ്പോള്‍ താരമാണ്. അദ്ദേഹം ഒരു ദേശീയ താരപദവിയിലേക്ക് ഉയര്‍ന്നത് മന്‍ കീ ബാത്തില്‍ അദ്ദേഹത്തെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ്. അദ്ദേഹത്തെ കുറിച്ച് വിശദമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തില്‍ പറയുകയുണ്ടായി. പോളിയോ ബാധിച്ച് കാലുകള്‍ക്ക് സ്വാധീനം ഇല്ലാത്ത രാജപ്പന്‍ കായലില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അര്‍ഹനായത്. യഥാര്‍ത്ഥത്തില്‍ ഓരോ മലയാളിലും രാജപ്പനെ മാതൃകയാക്കേണ്ടതാണ്. വിശേഷിച്ചും സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവര്‍. രാജപ്പന്‍ ഇത് ചെയ്യുന്നത് പരിസ്ഥിതി ബോധത്തിന്റെ പേരിലോ പുഴയില്‍ മാലിന്യം നിറയുന്നതിന്റെ പേരിലോ അല്ല. അദ്ദേഹത്തിന് ചലനശേഷി സാധാരണ മനുഷ്യരുടേത് പോലെയില്ല. എന്നിരുന്നാലും അദ്ദേഹത്തിന് പുഴയില്‍ ഇറങ്ങാന്‍ സാധിക്കും. ആ ഒരു കഴിവ് പ്രയോജനപ്പെടുത്തിക്കൊണ്ട് ജനങ്ങള്‍ അശ്രദ്ധയോടെ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി തന്റെ ഉപജീവനം നിര്‍വഹിക്കുന്നു. അദ്ദേഹത്തിന്റെ ശാരീരിക പരിമിതികള്‍ക്കോ പ്രായത്തിന്റെ അവശതകള്‍ക്കോ കീഴടങ്ങാതെ അദ്ദേഹം സാധ്യതകളുടെ ആഴങ്ങള്‍ തേടിയതിന്റെ ഫലമാണ് അത്. അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ പുഴയില്‍ വീണ് വളരെ ഗൗരവമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയാണ്. 

രാജപ്പന്‍ തന്റെ ഉപജീവനത്തിന് വേണ്ടി ചെയ്യുന്ന പ്രക്രിയ ഒരു വലിയ ശുദ്ധീകരണ പ്രവൃത്തിയായി മാറുന്നു. സമൂഹത്തിന്റെ ഉന്നതിയിലിരിക്കുന്ന പല അധികാരികളും രാജപ്പനെ കണ്ടുപഠിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം ഉപജീവന മാര്‍ഗമായാണ് രാജപ്പന്‍ കായലുകളിലെ പ്ലാസ്റ്റിക്കുകള്‍ പെറുക്കി എടുക്കുന്നത്. ഇതിലൂടെ പരിസ്ഥിതി വളരെ മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു. ഇവിടെ പരിസ്ഥിതി ഒരേ സമയം മനുഷ്യന്റെ ജീവിതത്തിന് വിനിയോഗിക്കപ്പെടുകയും അതേ സമയം തന്നെ പരിസ്ഥിതി സമൃദ്ധിയിലേക്ക് പോകുകയും ചെയ്യുന്നു. പാശ്ചാത്യ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിമകളായി പോയ ഇന്ത്യയിലേയും കേരളത്തിലേയും സാമ്പത്തിക ശാസ്ത്രജ്ഞരുടെ വികസന പ്രവര്‍ത്തനങ്ങളുടെ സമീപനം മാറ്റേണ്ട സമയമായിരിക്കുന്നു എന്ന തിരിച്ചറിവാണ് ചിരിക്കുന്ന പോളിയോ ബാധിച്ച രാജപ്പന്‍ കേരളത്തിന് നല്‍കുന്നത്. 

Tags: