കേരളത്തില്‍ നടക്കുന്നത് ജനാധിപത്യ കശാപ്പ്

Glint desk
Fri, 05-02-2021 06:29:11 PM ;

ട്വന്റി ട്വന്റിയെ ജനായത്ത സംവിധാനമനുസരിച്ച് ഭരിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് ഇപ്പോള്‍ ജനായത്തത്തില്‍ വിശ്വസിക്കുന്ന നാട്ടുകാര്‍ ചെയ്യേണ്ട എറ്റവും കുറഞ്ഞ മര്യാദ. എന്നാല്‍ ജനായത്ത സംവിധാനത്തിന്റെ തന്നെ സാധ്യത ഉപയോഗിച്ചുകൊണ്ട് ട്വന്റി ട്വന്റിക്കെതിരെ പ്രക്ഷോഭങ്ങള്‍ തുടരും എന്നാണ് അവരെ എതിര്‍ക്കുന്നവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി ട്വന്റിയാണ്.  കുന്നത്തുനാട് ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി 5ന് നടക്കുന്ന ആസൂത്രണ സമിതി യോഗസ്ഥലത്ത് ക്രമസമാധാനം ഉറപ്പു വരുത്തണമെന്ന് പോലീസിന് ഹൈക്കോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്നു. സമിതി അംഗങ്ങള്‍ മാത്രമെ മീറ്റിങ്ങില്‍ പങ്കെടുക്കാവൂ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കണം എന്നുള്ള നിര്‍ദേശങ്ങളുമുണ്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒരു യുദ്ധസമാന അന്തരീക്ഷം അവിടെ നിലനില്‍ക്കുന്നു എന്നുള്ളതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണസമിധിയാണ് അവിടെ അധികാരത്തിലുള്ളത്. അടുത്ത 5 വര്‍ഷം അവരെ ഭരിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് ജനായത്ത സംവിധാനത്തില്‍ പാലിക്കേണ്ട ഏറ്റവും മിതമായ മര്യാദ എന്നു പറയുന്നത്. 

കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ ആസൂത്രണസമിതി യോഗം ചേരുന്ന സമയത്ത് ഹൈക്കോടതി ഇടപെട്ട് പോലീസ് സംരക്ഷണം ഉറപ്പാക്കേണ്ടി വരുന്നു എന്ന് പറയുന്നത് കേരളത്തില്‍ ട്വന്റി ട്വന്റി രണ്ട് പഞ്ചായത്തുകളില്‍ അധികാരത്തില്‍ വന്നതിനേക്കാള്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസരമാണ്. ജനായത്ത സംവിധാനം കുറ്റവാസനയുള്ളവരുടെ കൈകളിലേക്ക് എത്തിയിരിക്കുന്നു എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം പ്രവണതകളാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇത്തരത്തിലുള്ള അരാഷ്ട്രീയമായ കൂട്ടായ്മകളെ എത്തിക്കുന്നത്. ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി ജയിപ്പിച്ച സമിതിയെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പറയുന്നതില്‍പരം ജനാധിപത്യ കശാപ്പ് ചെയ്യുന്ന ഒരു പ്രക്രിയ വേറെ ഇല്ല എന്നതാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇത് ചിന്തിക്കും എന്നുള്ളതില്‍ സംശയമില്ല.

Tags: