10000 വോട്ട് സ്വന്തമായി പിടിക്കുന്നവര്‍ക്ക് ബി.ജെ.പി. ടിക്കറ്റ്

എസ്.ഡി വേണുകുമാര്‍
Sat, 06-02-2021 06:35:37 PM ;

ജയിക്കണമെന്നില്ല, സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്ന മോഹവുമായി നടക്കുന്ന ബി.ജെ.പി.നേതാക്കള്‍ക്ക് ഇക്കുറി ടിക്കറ്റ് കിട്ടണമെന്നില്ല. നാട്ടിലെ സ്വീകാര്യതയായിരിക്കും സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി നഢ, സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്. പാര്‍ട്ടി വോട്ടുകള്‍ക്കു പുറമേ 10,000 വോട്ടുകളെങ്കിലും സ്വയം സമാഹരിക്കാന്‍ പറ്റിയ വ്യക്തിത്വങ്ങളെ വേണം സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാനെന്ന് ദേശീയാധ്യക്ഷന്‍ പറഞ്ഞു.

സ്വയം സ്ഥാനാര്‍ത്ഥി കുപ്പായമിട്ട് ഇറങ്ങിയ നിരവധി പേരെ നിരാശപ്പെടുത്തുന്നതാണ് ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ നിലപാട്. ബെംഗളുരുവും ചെന്നെയും ആസ്ഥാനമായിട്ടുള്ള സ്വകാര്യ ഏജന്‍സി വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിജയ സാധ്യതയുള്ളവരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കും. കോര്‍ കമ്മിറ്റിയംഗങ്ങള്‍ എല്ലാ ജില്ലകളിലുമെത്തി ഒരു സാധ്യതാ പട്ടിക തയാറാക്കുന്നുണ്ട്. ഇതിനു പുറമേ ആര്‍.എസ്.എസ്. കേരള ഘടകവും ഒരു പട്ടിക നല്‍കും. 

ഇവ പഠിച്ചിട്ടായിരിക്കും സ്ഥാനാര്‍ത്ഥി അന്തിമപട്ടിക തയ്യാറാക്കുക. എല്ലാ നിയോജക മണ്ഡലങ്ങളിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേന്ദ്ര നിരീക്ഷകര്‍ എത്തുന്നുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സാമ്പത്തിക വിനിയോഗത്തിലുമെല്ലാം ഇവരുടെ മേല്‍നോട്ടമുണ്ടാവും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ്.നും നിര്‍ണ്ണായക പങ്ക് ഉണ്ടാകും.

Tags: