പാര്‍ട്ടി നേതൃത്വം ദൗര്‍ബല്യത്തില്‍; ജില്ലാകമ്മിറ്റികളില്‍ നേരിട്ടെത്തി മുഖ്യമന്ത്രി

Glint desk
Tue, 09-02-2021 11:32:27 AM ;

പാര്‍ട്ടി ജില്ലാകമ്മിറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പങ്കെടുക്കുന്നു. അണികളില്‍ ഇത് ആവേശത്തിന് പകരം ആശ്ചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാരണം അവര്‍ പ്രതീക്ഷിക്കാത്ത ഒരു സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിയതിന് ശേഷം നേതൃത്വ തലത്തില്‍ ഉണ്ടായിരിക്കുന്ന ദൗര്‍ബല്യമാണ് പിണറായിയുടെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. കോടിയേരിക്ക് പകരം ചുമതല വഹിക്കുന്ന എ വിജയരാഘവന് അണികളില്‍ ഒരു ആവേശവും ഉണ്ടാക്കാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ച ഉന്മേഷം ചോര്‍ന്നു പോവുന്ന തരത്തിലുള്ള സമീപനമാണ് വിജയരാഘവന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. അദ്ദേഹം മലപ്പുറത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യത ഒഴിവാക്കുന്നതിനായി ഗൂഢാലോചന നടക്കുന്നു എന്നാണ്. 

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ കോണ്‍ഗ്രസിന്റെ അണികളില്‍ വന്നിട്ടുള്ള പ്രകടമായ മാറ്റത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ള പുതിയ സാഹചര്യത്തില്‍ നിന്നാണ് വിജയരാഘവന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പ്രസ്ഥാവന ഉണ്ടായിരിക്കുന്നത്. ഒരിക്കലും ഒരു പാര്‍ട്ടി നേതാവില്‍ നിന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു പ്രസ്ഥാവന ഉണ്ടാവാന്‍ പാടുള്ളതല്ല. ഇത് മനസ്സിലാക്കിക്കൊണ്ടാവണം ഇപ്പോള്‍ പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. വിജയരാഘവന്റെ ശരീരഭാഷയും ആശയങ്ങളും കേട്ടിരിക്കുന്നവരില്‍ ദുര്‍ബലമായ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തെ ഈ ഭയം പിടികൂടിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. യു.ഡി.എഫിന്റെ തന്ത്രങ്ങള്‍ ഇടതുപക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നോട്ട് നീങ്ങിക്കഴിഞ്ഞു. വിശേഷിച്ചും ശബരിമല വിഷയം മുഖ്യ അജണ്ടയാക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു. ഇത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: