ഒ രാജഗോപാല്‍ ബി.ജെ.പിക്ക് തലവേദന

എസ്.ഡി വേണുകുമാര്‍
Mon, 15-02-2021 04:05:03 PM ;

കേരളത്തില്‍ ബി.ജെ.പി.യുടെ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. പാര്‍ട്ടിക്ക് വിജയം ഉറപ്പുള്ള നേമത്ത്, രാജഗോപാലിന്റെ പ്രസ്താവനകളും നിലപാടുകളും തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍. പാര്‍ട്ടിയുടെ ഏക എം.എല്‍.എ.യും വന്ദ്യ വയോധികനുമായ ഇദ്ദേഹത്തെ തള്ളാനും കൊള്ളാനും കഴിയാത്ത നിസ്സഹായാവസ്ഥയില്‍ സംസ്ഥാന നേതൃത്വവും.

പാര്‍ട്ടി നയത്തിന് വിരുദ്ധമായ നിലപാട് നിയമസഭാ സമ്മേളനത്തില്‍ സ്വീകരിച്ചത് നേതൃത്വത്തെ വല്ലാതെ വിഷമിപ്പിച്ചു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുകയും അതേ സമയം സംഘ പരിവാര്‍ നേതാക്കളായ കുമ്മനം രാജശേഖരനെയും പി.പി.മുകുന്ദനെയുമെല്ലാം പരോക്ഷമായി കുത്തി നോവിക്കുകയും ചെയ്തു കൊണ്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി. 92കാരനായ തന്റെ സ്വീകാര്യത, നേമത്ത് പകരക്കാരനെന്നു കരുതുന്ന കുമ്മനത്തിനില്ലെന്ന് തുറന്നടിച്ചു. പി.പി.മുകുന്ദന്‍ ബി. ജെ.പി.യുടെ ഭാഗമല്ലെന്നു പറയാനും മടിച്ചില്ല.

എല്ലാ വിഭാഗമാളുകളെയും കൂടെ നിര്‍ത്തണമെന്നും കൂടുതല്‍ പേരെ ആകര്‍ഷിച്ച് പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞ അതേ ദിവസമാണ് വിവാദ പരാമര്‍ശങ്ങളടങ്ങിയ രാജഗോപാലിന്റെ അഭിമുഖം പുറത്ത് വന്നത്. തന്നെയുമല്ല പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇനിയും മത്സരിക്കാന്‍ സന്നദ്ധനാണെന്നും 92 കാരന്‍ രാജഗോപാല്‍ പറഞ്ഞത് പാര്‍ട്ടിയില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയുമാണ്. 

ദേശീയ തലത്തില്‍ പോലെ 75 വയസ് പിന്നിട്ടവര്‍ എത്ര സമര്‍ത്ഥരായാലും അവരെ പാര്‍ലമെന്ററി രംഗത്ത് നിന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് 92 കഴിഞ്ഞും മത്സരത്തിന് തയാറെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ വിഭാഗീയതക്കു പുറമേ ഇത്തരം വിവാദങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് തല പൊക്കുന്നത് പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷികളെ പോലും നിരാശപ്പെടുത്തിയിട്ടുണ്ട്.

Tags: