ഇരട്ടവോട്ട് തടയാന്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി; ഇരട്ടവോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്ന് ചെന്നിത്തല

Glint desk
Wed, 31-03-2021 06:00:05 PM ;

ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ആരോപിച്ചത്. കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി ഒമ്പത് മണിയോടെ www.operationtwins.com എന്ന വെബ്സൈറ്റില്‍ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സിലായില്ല. ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. ബി.എല്‍.ഒമാരോടാണ് കമ്മീഷന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ബി.എല്‍.ഒമാര്‍ക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. അടുത്ത ബൂത്തിലും പഞ്ചായത്തിലും വോട്ടുള്ളവരുടെ കാര്യം അവര്‍ക്കറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags: