പയ്യന്നൂരിലെ അമ്പലപ്പറമ്പിലെ അറിയിപ്പ് ഗുരുതരമായ സാമൂഹിക അവസ്ഥയുടെ പ്രതിഫലനം

Glint desk
Mon, 19-04-2021 12:39:33 PM ;

കണ്ണൂര്‍ പയ്യന്നൂരിലെ അമ്പലപ്പറമ്പില്‍ മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സ്ഥാപിച്ച അറിയിപ്പ് കേരളത്തില്‍ ശക്തിപ്രാപിക്കുന്ന ഗുരുതരമായ ഒരു സാമൂഹിക അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണ്. സി.പി.എമ്മിന് ആധിപത്യമുള്ള സ്ഥലത്താണ് ഈ അറിയിപ്പ് ഉയര്‍ന്നത് എന്നതും ശ്രദ്ധേയമാണ്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന അറിയിപ്പ് സംസ്ഥാനത്ത് പലയിടങ്ങളിലും കാണാറുണ്ടെങ്കിലും ഒരു മതവിഭാഗത്തെ മാത്രം വിലക്കിക്കൊണ്ടുള്ള അറിയിപ്പ് ഇതാദ്യമാണ്. ഇത്തരമൊരു അറിയിപ്പ് അവിടെ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അതിന്റെ പിന്നില്‍ കൃത്യമായ ആലോചനകള്‍ നടന്നിട്ടുണ്ടാകണം. ഈ ആലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് വര്‍ത്തമാന കേരള അന്തരീക്ഷത്തില്‍ വളരെ അടിയന്തര പ്രധാന്യം അര്‍ഹിക്കുന്നതാണ്. 

കേരളത്തില്‍ അയിത്തം ആചരിച്ചിരുന്ന സമയത്ത് പോലും ഏതെങ്കിലും ഒരു മതവിഭാഗത്തെ പ്രത്യേകം എടുത്ത് പറഞ്ഞ് അവരെ മാറ്റി നിര്‍ത്തിയിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നോര്‍ക്കേണ്ടതാണ്. പയ്യന്നൂരിലെ അമ്പലത്തിന്റെ ചുറ്റുവട്ടത്ത് നിലനില്‍ക്കുന്ന ഒരു പ്രാദേശിക സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലേക്കും ഈ അറിയിപ്പ് വിരല്‍ചൂണ്ടുന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല. അത്തരത്തില്‍ സാമൂഹിക സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള സംഘര്‍ഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്. അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് വളരെ അനിവാര്യമാണ്. കേരളത്തിലെ അമ്പലപ്പറമ്പില്‍ ഇത്തരത്തിലൊരു അറിയിപ്പ് ഉയരുന്നു എന്നുള്ളത് ഓരോ മലയാളിയേയും ലജ്ജിപ്പിക്കുന്ന ഒന്നാണ്.

Tags: