സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍

Glint desk
Thu, 22-04-2021 11:03:54 AM ;

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ അറസ്റ്റില്‍. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പോലീസാണ് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. സരിതയുടെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്.

സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നാണിത്. വിധി പറയാനായി മാറ്റി വെച്ച കേസിലാണ് അറസ്റ്റ്. ഇന്ന് സരിതയെ കോടതിയില്‍ ഹാജരാക്കാനാവില്ലെന്നാണ് വിവരം. മാര്‍ച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ കേസ് മാറ്റിവെക്കുകയായിരുന്നു. അബ്ദുള്‍ മജീദിന് കുറച്ച് പണം തിരികെ നല്‍കിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു.

പോലീസ് സരിതയെ രക്ഷിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പോലീസില്‍ നിന്ന് സഹായം പ്രതീക്ഷിച്ചത് കൊണ്ടാവണം ഇന്ന് അറസ്റ്റിലായ കേസില്‍ സരിത എസ് നായര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാതിരുന്നത്.

Tags: