'ഗോഡ്സ് ഓണ്‍ സ്നാക്ക്'; പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിന് അമൂലിന്റെ ആശംസകള്‍

Glint desk
Wed, 05-05-2021 12:06:52 PM ;

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയനാണ് അമൂല്‍ ഇന്ത്യയുടെ പുതിയ പോസ്റ്ററിലെ വിഷയം. 'TRIWONDEUM' എന്നാണ് കാര്‍ട്ടൂണ്‍ പോസ്റ്ററിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. വിരലില്‍ അമൂല്‍ ചീസ് പുരട്ടി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. അതോടൊപ്പം അമൂല്‍ ഗോഡ്സ് ഓണ്‍ സ്നാക്ക് എന്നും എഴുതിയിട്ടുണ്ട്.

കേരളത്തിന് പുറമെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ വിജയത്തെയും ബംഗാളില്‍ മമതയുടെ വിജയത്തെയും അമൂല്‍ പോസ്റ്ററിലൂടെ പങ്കുവെച്ചു. എം കെ സ്റ്റാള്‍വിന്‍ എന്നായിരുന്നു സ്റ്റാലിന്റെ വിജയത്തിന് നല്‍കിയ തലക്കെട്ട്. ഷീ ദിദി ഇറ്റ് എഗൈന്‍ എന്നായിരുന്നു മമതയുടെ പോസ്റ്ററിലെ തലക്കെട്ട്.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ഇതിന് മുന്‍പും അമൂല്‍ ഇന്ത്യ പോസ്റ്റര്‍ രൂപത്തില്‍ പങ്കുവെയ്ക്കാറുണ്ട്. മരക്കാറിനും അസുരനും ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും അമൂല്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. അമൂലിന്റെ ഈ പോസ്റ്ററുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണുള്ളത്.

Tags: