കേരളം ഐ.എസിന്റെ റിക്രൂട്ടിങ് താവളമെന്ന് ബെഹ്‌റ; സംസ്ഥാനം തീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണാവുന്നോ?

Glint desk
Mon, 28-06-2021 01:59:31 PM ;

അതീവ ഗുരുതരമായ ഒരു വെളിപ്പെടുത്തലാണ് സ്ഥാനമൊഴിയുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയത്. അദ്ദേഹം പറയുന്നു കേരളം ഐ.എസിന്റെ റിക്രൂട്ടിങ് താവളമാണെന്ന്. തീവ്രവാദി സംഘടനയായ ഐ.എസ് കേരളത്തെ താവളമാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയിട്ടുണ്ടാവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള ആരോപണം നിരവധി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അത്തരം വെളിപ്പെടുത്തലുകളെ രാഷ്ട്രീയമായി കാണുക മാത്രമാണ് കേരളത്തിലെ മാധ്യമങ്ങളും ബുദ്ധിജീവികളും പാര്‍ട്ടിക്കാരുമൊക്കെ ചെയ്തിട്ടുള്ളത്. അത്തരമൊരു സാമൂഹിക അന്തരീക്ഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനയ്ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. 

സംസ്ഥാന പോലീസ് മേധാവി ഇത് പറയുമ്പോള്‍ അദ്ദേഹം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത് എന്ന് വേണം കരുതാന്‍. ഓരോ ദിവസവും ഇത്തരത്തിലുള്ള വിവരങ്ങളുടെ വന്‍ ശേഖരമാണ് പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അത് വിശകലനം ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്നും മതം മാറ്റപ്പെട്ട് സിറിയയിലേക്ക് പോയി തുടര്‍ന്ന് ഭര്‍ത്താക്കന്മാര്‍ മരിക്കുകയും അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കിടക്കുകയും ചെയ്യുന്ന നാല് പെണ്‍ക്കുട്ടികള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഈ വിഷയത്തിലും കൃത്യമായ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അവരെ നാട്ടിലേക്ക് കൊണ്ടുവരുന്ന നടപടിക്ക് അനുകൂല തീരുമാനമല്ല കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. 

ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഈ പൊതു സാഹചര്യത്തില്‍ കൃത്യമായ രീതിയിലുള്ള വസ്തുതകള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുമുണ്ട്. മുഴുവന്‍ വസ്തുതകളും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് വ്യക്തമായ ധാരണ കൊടുത്തില്ലെങ്കില്‍ സമൂഹത്തില്‍ തെറ്റിദ്ധാരണകളും അതിന്റെ അടിസ്ഥാനത്തില്‍ മുതലെടുപ്പുകളും നടക്കും എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ വെളിപ്പെടുത്തല്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ രാഷ്ട്രീയ നേട്ടത്തിന് വിനിയോഗിക്കും എന്നുള്ളതില്‍ സംശയമില്ല.   

ലോക്‌നാഥ് ബെഹ്‌റ പറയുന്നത് ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും ഉള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച് ഐ.എസ് സംഘടനയിലേക്ക് ചേര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നതാണ്. ഇത്തരം ഉന്നത വിദ്യാഭ്യാസമുള്ളവരിലേക്ക് എങ്ങനെ സംഘടന കടന്നു ചെല്ലുന്നു എന്നത് കേരള സര്‍ക്കാരിന് സമൂഹത്തെ അറിയിക്കാന്‍ കഴിയണം. ഇതിലൂടെ ഇത്തരം കെണികള്‍ തങ്ങളുടെ അടുത്തേക്ക് വരുന്നത് യുവാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കേരളം പോലെ വിവിധ ജാതിമതസ്ഥര്‍ ഒന്നിച്ച് തിങ്ങി പാര്‍ക്കുന്ന എപ്പോഴും സൗഹാര്‍ദപരമായി കഴിയുന്ന സമൂഹത്തില്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ വര്‍ധിക്കുന്നത് കേരളം ഇതുവരെ നേരിടാത്ത സംഘര്‍ഷങ്ങളെ ക്ഷണിച്ചു വരുത്തും എന്നത് സര്‍ക്കാര്‍ ഓര്‍ക്കേണ്ടതാണ്.

Tags: