ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ്, രണ്ട് പേര്‍ ചികില്‍സയില്‍

Glint desk
Tue, 13-07-2021 06:33:19 PM ;

കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 

കൊവിഡിന്റെ ആദ്യ തരംഗം മുതല്‍ സ്വീകരിച്ച കര്‍ശന പ്രതിരോധ നടപടികളാണ് ഇടമലകുടിയെ കൊവിഡുമായി അകറ്റി നിര്‍ത്തിവന്നത്. സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പഞ്ചായത്തായിരുന്നു ഇടമലക്കുടി. തിരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ലാം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമായിരുന്നു. പഞ്ചായത്തും ഊരുമൂപ്പന്മാരും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു വന്നത്. ഇരുപത്തിയാറ് കുടികളിലായി മുവായിരത്തോളം പേരാണ് ഇടമലകുടിയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഒരാള്‍ക്ക് മാത്രം  പുറത്ത് പോകാനാവുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. കുടിയില്‍ തിരികെ എത്തിയാല്‍ നിര്‍ബന്ധമായും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. 

പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമാണ് ഇടമലക്കുടി പഞ്ചായത്തില്‍ പ്രവേശിപ്പിച്ചുവന്നത്. അടുത്തിടെ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനൊപ്പം വ്‌ലോഗര്‍ സുജിത് ഭക്തന്‍ അനുവാദമില്ലാതെ ഇടമലക്കുടിയിലെത്തി വിഡിയോ ചിത്രീകരിച്ചത് വിവാദമായിരുന്നു.

Tags: