കിറ്റക്സിന് ശ്രീലങ്കയില്‍ നിന്നും ക്ഷണം; ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൊച്ചിയിലെത്തി കൂടിക്കാഴ്ച നടത്തി

Glint desk
Sat, 24-07-2021 07:21:51 PM ;

കിറ്റെക്‌സിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ലങ്കന്‍ സര്‍ക്കാര്‍. കിറ്റെക്‌സിന്റെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് ശ്രീലങ്ക പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു. ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റക്‌സ് എംഡി സാബു ജേക്കബുമായി ചര്‍ച്ച നടത്തി. കമ്പനിയ്ക്ക് ലങ്കയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വെങ്കിടേശ്വരന്‍ ഉറപ്പ് നല്‍കി. കയറ്റുമതി അധിഷ്ടിത വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ഏഷ്യയിലെ തന്നെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. നേരത്തെ ബംഗ്ലാദേശും കിറ്റെക്‌സിനെ ക്ഷണിച്ച് സന്ദേശം അയച്ചിരുന്നു.

കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ആരോപിച്ച് കിറ്റക്‌സിന്റെ സാബു എം ജേക്കബ് ആയിരം കോടിയുടെ നിക്ഷേപം തെലങ്കാനയിലെ കകാതിയ ടെക്സ്റ്റയില്‍സ് പാര്‍ക്കില്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. മൃഗത്തെ പോലെ വേട്ടയാടി തന്നെ ഓടിച്ചതാണെന്നായിരുന്നു സാബു എം ജേക്കബിന്റെ പ്രതികരണം. തെലങ്കാന സര്‍ക്കാര്‍ രാജകീയ സ്വീകരണമാണ് നല്‍കിയതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.

അതേസമയം കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്‌സ് എംഡിയുടെ ശ്രമമെന്നും നാടിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുമെന്നും കിറ്റക്‌സ് വിവാദത്തില്‍ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

Tags: