മരണം കുറവ്, വാക്‌സീന്‍ പാഴാക്കിയില്ല; കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ

Glint desk
Mon, 16-08-2021 07:00:19 PM ;

കൊവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാന്‍ സാധിച്ചതിലും വാക്‌സീന്‍ പാഴാക്കാത്തതിലും സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓണം ആഘോഷം കരുതലോടെ വേണമെന്നും നിര്‍ദ്ദേശിച്ചു. കൂടുതല്‍ കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ നടപടിയെടുക്കുമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചു. വാക്‌സീന്‍ ഉത്പാദനം കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ വാക്‌സീനെത്തിക്കുമെന്നും കേരളത്തിലെത്തിയ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഈ മാസവും അടുത്തമാസവുമായി 1.1 കോടി ഡോസ് വാക്‌സീന്‍ വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.  

കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കേരളത്തിലെത്തിയത്. വാക്‌സീനേഷനില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പതിയെയാണ് വ്യാപിച്ചത് എന്നതിനാലാണ് പ്രതിദിന കേസുകള്‍ ഇപ്പോഴും കുറയാതെ നില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍.   

തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്രമന്ത്രി, മെഡിക്കല്‍ കോളേജിലും സന്ദര്‍ശനം നടത്തും. സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തെ ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രസഹമന്ത്രി വി മുരളീധരനും വരെ വിമര്‍ശിച്ച സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെയും കേന്ദ്ര ആരോഗ്യമന്ത്രിയുടെയും നിലപാടുകള്‍ ശ്രദ്ധേയമാകുന്നത്. 

Tags: