കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരും; മുഖ്യമന്ത്രിയുടെ താക്കീതില്‍ കുലുങ്ങാതെ ജലീല്‍

Glint Desk
Wed, 08-09-2021 10:55:01 AM ;

പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കെ.ടി. ജലീല്‍. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണെന്ന് പറഞ്ഞ കെ.ടി ജലീല്‍ അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല.

ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സഹകരണ ബാങ്കില്‍ ഇ.ഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇ.ഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

Tags: