കൊവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണം; മാര്‍ഗരേഖ പുതുക്കി

Glint Desk
Sun, 12-09-2021 10:31:20 AM ;

കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ രേഖ പുതുക്കിയത്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകളിലൂടെ കൊവിഡ് സ്ഥിരീകരിക്കണം. എന്നാല്‍ കൊവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമാണ് മാര്‍ഗ രേഖ പുതുക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കൊവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ കൊവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ 30 ദിവസമായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

കൊവിഡ് മരണം മൂലം നാല് ലക്ഷം രൂപ അടിയന്തര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Tags: