കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് മാര്‍ഗരേഖ; സാനിറ്റൈസര്‍ കരുതണം, ഒരുസീറ്റില്‍ ഒരാള്‍

Glint Desk
Wed, 22-09-2021 07:09:43 PM ;

കുട്ടികളുടെ സുരക്ഷിത സ്‌കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും. സ്‌കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാര്‍ഥികളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

വാഹനത്തില്‍ എ.സിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.

Tags: