കയ്യാങ്കളിക്കേസില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജം, സംഘര്‍ഷമുണ്ടാക്കിയത് പോലീസെന്ന് പ്രതികള്‍ കോടതിയില്‍

Glint Desk
Thu, 23-09-2021 06:52:48 PM ;

നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന് പ്രതികള്‍ കോടതിയില്‍. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്നും പ്രതികള്‍ പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസിലെ വിടുതല്‍ ഹര്‍ജി പരിഗണിക്കവെയാണ് പ്രതികള്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. തോമസ് ഐസക്കും ബി സത്യനും ഡയസില്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്ത്, സി.കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സംഘര്‍ഷം ഉണ്ടാക്കിയത് പോലീസുകാരാണെന്നും പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും ഇവര്‍ അറിയിച്ചു. കേസില്‍ പോലീസ് മാത്രമാണ് സാക്ഷികള്‍. 140 എം.എല്‍.എമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി.

പ്രതികളുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികള്‍ പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തതായി കോടതിയെ അറിയിച്ചു. നിയമപരമായി കുറ്റമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അക്രമം. പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമാണെന്നും വാദിച്ചു. വിടുതല്‍ ഹരജിയില്‍ അടുത്തമാസം ഏഴിന് കോടതി ഉത്തരവ് പറയും.

Tags: