ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത് ലീഗ് നേതാക്കള്‍; നേതൃത്വത്തിനെതിരെ വിമര്‍ശനം

Glint Desk
Tue, 12-10-2021 12:57:46 PM ;

ആര്‍.എസ്.എസ് പരിപാടിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തതില്‍ വിവാദം. ആര്‍.എസ്.എസ് സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്ലീം ലീഗ് വാര്‍ഡ് മെമ്പറായ മുനീറ നാസര്‍, ലീഗ് പഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാനുമായ പാറക്കല്‍ അബു ഹാജി എന്നിവരാണ് പങ്കെടുത്തത്. കോണ്‍ഗ്രസിന്റെ ബുത്ത് പ്രസിഡന്റായ ടി.കെ.ബേബിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഉള്ള്യേരിയില്‍ തുടങ്ങിയ സേവാഭാരതിയുടെ കാര്യാലയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍.എസ്.എസ് പ്രാന്തീയ കാര്യകാരി അംഗം പി.ഗോപാലന്‍കുട്ടി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പരിപാടിയുടെ ചിത്രങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി അണികള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ലീഗ് നേതൃത്വം അബു ഹാജിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ക്കെതിരെ സംഘടനാ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Tags: