സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Glint Desk
Thu, 14-10-2021 10:21:40 AM ;

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. പ്രളയ സാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2389.78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. 15 ക്യാമ്പുകളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കോഴിക്കോട് താലൂക്കിലെ 12 ക്യാമ്പും കൊയിലാണ്ടി താലൂക്കിലെ ഒരു ക്യാമ്പുമാണ് പിരിച്ചുവിട്ടത്. നിലവില്‍ കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാമ്പും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.

Tags: