റിയാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്‌മാന്‍ കല്ലായി

Glint Desk
Fri, 10-12-2021 07:38:28 PM ;

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും തമ്മിലുള്ള വിവാഹത്തെ കുറിച്ചായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായി അധിക്ഷേപരാമര്‍ശം നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലായിരുന്നു റിയാസിനെതിരായ പരാമര്‍ശം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പരാമര്‍ശം.

'മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ഇത് വിവാഹമാണോ. വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം'' എന്നായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പരാമര്‍ശം.

അബ്ദുറഹ്‌മാന്‍ കല്ലായിയുടെ പ്രസ്താവന;

മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ കോഴിക്കോട്ട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തില്‍ മുന്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കുറിച്ചുള്ള എന്റെ പരാമര്‍ശം വിവാദമായത് ശ്രദ്ധയില്‍ പെട്ടു. വ്യക്തി ജീവിതത്തില്‍ മതപരമായ കാഴ്ച്ചപ്പാടാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്. അത് ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചായിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. പ്രസ്തുത പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Tags: