മൃതദേഹത്തോട് അനാദരവ്; സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി

Glint Desk
Mon, 20-12-2021 10:32:18 AM ;

ആലപ്പുഴയിലെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബി.ജെ.പി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മനപ്പൂര്‍വ്വം മാറ്റിയെന്നും ആരോപിച്ചാണ് നടപടി. 

രഞ്ജിത്തിന്റെ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുന്ന സമയമായതിനാല്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബി.ജെ.പി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാന്‍ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയില്‍ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബി.ജെ.പി പങ്കെടുക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ വിട്ടുനില്‍ക്കല്‍. ജില്ലാഭരണകൂടം ഒരു ചടങ്ങായി മാത്രമാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആത്മാര്‍ഥതയില്ലെന്നും ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ സോമന്‍ കുറ്റപ്പെടുത്തി.

മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ക്രൂരമായ കൊലപാതകങ്ങളുടെ ഞെട്ടലിലാണ് മണ്ണഞ്ചേരിയിലേയും ആലപ്പുഴ വെള്ളക്കിണറിയിലേയും ജനങ്ങള്‍. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags: