നടി ആക്രമിക്കപ്പെട്ട കേസ്; വി.ഐ.പി ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്

Glint Desk
Tue, 18-01-2022 11:09:51 AM ;

നടി ആക്രമിക്കപ്പെട്ട കേസിലെ വി.ഐ.പി ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് അന്വേഷണ സംഘം. വി.ഐ.പി താനാണെന്ന് പുറത്തുവന്ന സാഹചര്യത്തില്‍ ശരത്ത് ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 2017 നവംബര്‍ 16ന് ശരത് വിദേശയാത്ര നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ ശരത്തിന്റെ പാസ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്നതിന് ശേഷം ശരത്തിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത്ത് ഹാജാരാവാതെ ഒളിവില്‍ പോവുകയാണ് ഉണ്ടായത്. തുടര്‍ന്ന് കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശരത്ത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കോടതിയില്‍ ജാമ്യ ഹര്‍ജിയുടെ കേസ് പരിഗണനയില്‍ ഇരിക്കെയാണ് ക്രൈം ബ്രാഞ്ച് ഇന്നലെ ശരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ശബ്ദസാമ്പിളുകളും ഫോട്ടോയും തിരിച്ചറിഞ്ഞാണ് ദിലീപിന്റെ വീട്ടില്‍ കണ്ട വി.ഐ.പി ശരത് ആണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സ്ഥിരീകരിച്ചത്.

Tags: