ദിലീപിനെതിരെ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് കൂടി; ജാമ്യാപേക്ഷ ശനിയാഴ്ചത്തേക്ക് മാറ്റി

Glint Desk
Fri, 21-01-2022 11:18:06 AM ;

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്തി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഡാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി.

ദിലീപ്, സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നുണ്ട്. 

Tags: